ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ഈ രാജ്യങ്ങളിലും വാഹനമോടിക്കാം!…

പൊതുഗതാഗതത്തെ ആശ്രയിക്കുന്നതിനേക്കാള്‍ സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികളുണ്ട്. ഇക്കാലത്ത് ഏറ്റവും സുരക്ഷിതമായ യാത്രാമാര്‍ഗവും അതുതന്നെയാണെന്നു പറയാം. മറ്റിടങ്ങളില്‍ പോയാലും സ്വകാര്യവാഹനത്തില്‍ സ്വന്തമായി യാത്ര ചെയ്യാനാണോ നിങ്ങള്‍ക്കിഷ്ടം? എങ്കിലിതാ, ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യിലുള്ളവര്‍ക്ക് അതുപയോഗിച്ച് വണ്ടിയോടിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍ കണ്ടോളൂ.

1. സിംഗപ്പുര്‍

പതിനെട്ടു വയസ്സ് പൂര്‍ത്തിയായ, കുറഞ്ഞത് പന്ത്രണ്ടു മാസമെങ്കിലും സാധുതയുള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യിലുള്ളവര്‍ക്ക് സിംഗപ്പുരിലും വണ്ടിയോടിക്കാം.

2. യുഎസ്എ

യുഎസില്‍ പോകുന്ന സഞ്ചാരികള്‍ക്ക് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യിലുണ്ടെങ്കില്‍ അവിടെയും വണ്ടിയോടിക്കാം.

ഇതിനൊപ്പം, രാജ്യത്ത് എന്നാണ് എത്തിയതെന്നു കാണിക്കുന്ന I-94 ഫോമും കയ്യില്‍ കരുതണം.

3. ന്യൂസീലന്‍ഡ്‌

സാഹസികവിനോദങ്ങള്‍ക്ക് പേരുകേട്ട നാടാണ് ന്യൂസീലന്‍ഡ്‌.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യിലുള്ളവരും 21 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരുമായ ആളുകള്‍ക്ക് 12 മാസം വരെ ന്യൂസീലന്‍ഡില്‍ കാര്‍ ഓടിക്കാം. ഡ്രൈവിങ് പെർമിറ്റിന് ഒരു വർഷമാണ് കാലാവധി.

4. ദക്ഷിണാഫ്രിക്ക

ഇംഗ്ലിഷില്‍ തയാറാക്കിയതും ഫോട്ടോയും ഒപ്പും വ്യക്തമായി പതിച്ചിട്ടുള്ളതുമായ ഇന്ത്യന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ദക്ഷിണാഫ്രിക്കയിൽ കാര്‍ ഓടിക്കാം. ഇന്ത്യയിലേതുപോലെ വാഹനങ്ങളുടെ വലതു വശത്താണ് ഇവിടെയും സ്റ്റിയറിങ് എന്നതിനാല്‍ ഇവിടെ ഡ്രൈവിങ് ഇന്ത്യക്കാര്‍ക്ക് താരതമ്യേന എളുപ്പമായിരിക്കും.

5. ഓസ്ട്രേലിയ

റോഡ്‌ ട്രിപ്പിന് മികച്ച സ്ഥലമാണ് ഓസ്ട്രേലിയ. സാധുവായ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഓസ്ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയില്‍ കാര്‍ ഓടിക്കാം.

എന്നാല്‍ മൂന്നുമാസം മാത്രമേ ഇങ്ങനെ വാഹനമോടിക്കാൻ കഴിയൂ.

6. ബ്രിട്ടന്‍

ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും വെയില്‍സിലുമൊക്കെ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടെങ്കില്‍ വാഹനമോടിക്കാം. ഒരു വര്‍ഷമാണ്‌ ഇതിന്‍റെ കാലാവധി.

7. മൗറീഷ്യസ്

മൗറീഷ്യസിലെ സുന്ദരമായ ബീച്ചുകളിലൂടെ ഡ്രൈവ് ചെയ്യുന്നത് ആലോചിക്കുമ്പോള്‍ത്തന്നെ മനസ്സിലേക്ക് ഒരു കുളിര്‍കാറ്റു വീശിയ പ്രതീതിയാണ്, അല്ലേ! ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് കയ്യിലുള്ളവര്‍ക്ക് ഒരു മാസം വരെ ഇവിടെ വാഹനമോടിക്കാം.

8. ഫ്രാന്‍സ്

ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത ഡ്രൈവിങ് ലൈസന്‍സിന്‍റെ ഒരു കോപ്പി കയ്യില്‍ വച്ചാല്‍ ഫ്രാന്‍സിലും വാഹനമോടിക്കാം. ഒരു വര്‍ഷത്തേക്കാണ് ഇതിനു സാധുത.

9. കാനഡ

കാനഡയിൽ വണ്ടിയോടിക്കാനും‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മതി! രണ്ടു മാസം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാം. അതിനു ശേഷം കനേഡിയ ലൈസന്‍സ് എടുക്കാം.

10. ഹോങ്കോങ്

വിദേശസഞ്ചാരികള്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് 12 മാസം വരെവാഹനമോടിക്കാനുള്ള അനുമതി ഹോങ്കോങ് നല്‍കുന്നുണ്ട്

Latest posts

Categories