നിങ്ങള്‍ക്ക് എങ്ങനെ ഒരു നല്ല ഡ്രൈവറാകാം………

ഡ്രൈവിംങ് പഠിക്കുന്നതിനിടയിൽ ഉണ്ടാകുന്ന തമാശ രംഗങ്ങൾ നമ്മെ കുറേയേറെ ചിരിപ്പിച്ചിട്ടുണ്ട്. തലയണമന്ത്രത്തിലെ പോളിടെക്നിക്കിൽ പഠിച്ച ശ്രീനിവാസന്റെ കഥാപാത്രവും ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ വയസ്സൻ കഥാപാത്രവും നമ്മളെ ചിരിപ്പിച്ചു ആയുസ്സ് കൂട്ടി തന്നവരാണു.

ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിംങിൽ വലിയ പാളിച്ചകൾ ഉണ്ടാക്കാം. പൊതുവേ ശാസ്ത്രീയമായി ഡ്രൈവിങ് പഠിച്ചവരോട് ഒരു പുച്ഛം നമ്മുടെ സമൂഹത്തിൽ നിലവിലുണ്ട്. ഒരു ചെറിയ ആക്സിഡന്റോ മറ്റോ നടന്നാൽ പുച്ഛവും പരിഹാസവും കലർന്ന് രീതിയിൽ ഉള്ള കമന്റുകളും ഉയർന്നുവരാറുണ്ട്. ശരിക്കും പറഞ്ഞാൽ ഒരു തുടക്കക്കാരനുണ്ടാകുന്ന അശ്രദ്ധകളാണു ഇത്തരത്തിൽ സാമാന്യവൽക്കരിക്കപ്പെടുന്നത്. ഒന്നു ചെറുതായി ശ്രദ്ധിച്ചാൽ നമ്മുടെ പല അശ്രദ്ധകളും ഒഴിവായികിട്ടുകയും ഒരു നല്ല ഡ്രൈവിങ് ശൈലി രൂപീകരിക്കപ്പെടുകയും ചെയ്യും. അതെന്തൊക്കെയാണെന്നു നമുക്കു നോക്കാം

#ഗിയർ ലിവറിലേക്കുള്ള എത്തിനോട്ടം ഒഴിവാക്കാം

സാധാരണയായി പുതുതായി ഡ്രൈവിംങ് പഠിക്കുന്ന ഒരാൾക്കുള്ള പ്രധാന സംശയമാണു ഗിയർ ചേഞ്ചിംങ്. അതുകൊണ്ടു തന്നെ ആദ്യമാദ്യം ഡ്രൈവിങ് പഠിക്കുന്ന ഒരാൾ ഗിയർ മാറുമ്പോൾ ഗിയർ ലിവറിലേക്ക് നോക്കിപോവാറുണ്ട്. ഇത് പരിപൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതാണു. എന്തുകൊണ്ടെന്നാൽ ക്രമേണ ഇത് ഒരു ശീലമായി മാറാൻ ഇടയുണ്ട്. ഒരു നിമിഷത്തെ പോലും അശ്രദ്ധ ഒരു വലിയ അപകടത്തിനു കാരണമായേക്കാം എന്നുള്ളതിനാൽ ഇത് തുടക്കത്തിലേ ഒഴിവാക്കുകയും ശീലമായി മാറുന്നത് ഒഴിവാക്കാനും സാധിക്കുന്നതാണു.

#ബ്രേക്കിംങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഡ്രൈവിംങ് പഠിക്കുന്ന ഒരാൾക്ക് സാധാരണയായി ചെറിയ തോതിലെങ്കിലും ഉള്ളിൽ ഒരു ഭയം ഉണ്ടാവും. അതിനാൽ അടിക്കടി ബ്രേക്ക് ചെയ്ത് വണ്ടി ഓടിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇതും പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ട ഒരു രീതിയാണു ആവശ്യത്തിനു മാത്രം ബ്രേക്കിംങ്എന്ന നിലയിലേക്ക് നമ്മുടെ ഡ്രൈവിംങ്ശൈലി മാറ്റുകയാണെങ്കിൽ കൂടുതൽ ഇന്ധനക്ഷമതയും ബ്രേക്ക് പാർട്ട്സുകളുടെ ഈടുനിൽപ്പിനും കാരണമാകും. ബ്രേക്ക് ചെയ്യുമ്പോൾ പിന്നിൽ നിന്നും ഇടിക്കത്തക്ക രീതിയിൽ മറ്റു വാഹനങ്ങൾ ഇല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട് റിയർവ്വ്യൂ മിററുകൾ ശരിയായി ഉപയോഗിച്ച് ബ്രേക്ക് ചെയ്യുന്നതാണു നല്ലത്.

#ക്ലച്ച് പെഡലിൽ കാലുവെച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കുക

ക്ലച്ച് പെഡലിൽ കാലുവെച്ചുള്ള ഡ്രൈവിംങ്ആണു ഒഴിവാക്കപ്പെടേണ്ട മറ്റൊരു ഘടകം. ക്ലച്ച് പെടലിൽ കാലുവെക്കുന്നതുവഴി ക്ലച്ച് ഭാഗികമായി പ്രവർത്തിക്കാനും അതുവഴി ചൂട് അധികമായി ഉൽപാദിപ്പിക്കപ്പെടാനും ക്ലച്ച് പാർട്ട്സുകൾക്ക് തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്.

#റോഡ് നിയമങ്ങൾ അറിഞ്ഞിരിക്കാം

ഡ്രൈവിംങിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്, ഒരു പക്ഷെ ഡ്രൈവിംങ് പഠിക്കുന്നതിനേക്കാളും പ്രധാനം റോഡ് നിയമങ്ങൾ അറിഞ്ഞിരിക്കുക എന്നതാണു. കാരണം റോഡ് നിയമങ്ങൾ കൃത്യമായി അറിയുന്ന ഒരാൾക്ക് മാത്രമേ ഒരു നല്ല ഡ്രൈവർ ആകാൻ സാധിക്കുകയുള്ളു. അനാവശ്യമായ പിഴകളും സമയനഷ്ടവും ഒരു പരിധി വരെ ഒഴിവാക്കാൻ റോഡ് നിയമങ്ങളിലെ അറിവ് നമ്മളെ സഹായിക്കും.

#മറ്റു യാത്രക്കാരെ ബഹുമാനിക്കാം

ദിവസേന നാം കാണുന്ന ഒരു കാര്യമാണു ചിലരുടെ വൃത്തികെട്ട രീതിയിലുള്ള ഡ്രൈവിംങ് റോഡിലേക്കിറങ്ങിയാൽ ‘ഷുമാക്കറിനെ’ അനുസ്മരിപ്പിക്കും വിധം വേഗതയിലാകും ചിലരുടെ പോക്ക്. അനാവശ്യമായ വേഗത അപകടത്തിലേ കൊണ്ടെത്തിക്കുകയുള്ളു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്യപകടം നിറഞ്ഞ ഓവർട്ടേക്കിംങ്ങാണ് ഇത്തരക്കാരുടെ മറ്റൊരു കലാവിരുത്. ഇതും അപകടം വിളിച്ചു വരുത്തുന്നതാണു. ട്രാഫിക് ബ്ലോക്കിൽപ്പെടുമ്പോൾ ഹോണടിച്ചും വാഹനം ഇരപ്പിച്ചും പോകുന്ന ചില വിരുതന്മാരെ കാണാം മറ്റുള്ള യാത്രക്കാർക്ക് ഇത് എത്രത്തോളം അരോജകമാണെന്നു ഇത്തരക്കാർ ചിന്തിക്കാറുപോലുമില്ല. താൻ സ്വന്തം വാഹനം ഓടിക്കുമ്പോഴും മറ്റുള്ള യാത്രക്കാരെ ബഹുമാനിക്കാൻ ബാധ്യസ്ഥനാണു എന്ന തോന്നൽ നമുക്ക് എപ്പോഴും വേണം.

#ലൈറ്റുകളുടെ ഉപയോഗം പഠിക്കാം

പൊതുവേ പകൽ സമയങ്ങളിലാണ് നാം ഡ്രൈവിംങ് പഠിക്കാനായി മാറ്റിവെയ്ക്കുന്നത്. അതുകൊണ്ടുതന്നെ രാത്രി സമയങ്ങളിൽ എങ്ങനെ വണ്ടി ഓടിക്കണമെന്നുള്ള ഒരു അജ്ജത നമുക്കുണ്ട്. രാത്രിയിൽ എതിരെ ഒരു വാഹനം വരുമ്പോൾ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ നമുക്ക് പൊതുവേ മടിയാണു. നഗരപരിധിയിൽ രാത്രി സമയത്ത് ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവു എന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇതെന്നോർക്കണം. കേരളത്തിലെ റോഡപകടങ്ങൾക്ക് ഒരു പരിധിവരെ ഇതാണു കാരണം എന്ന് ഈയിടെ ഒരു സർക്കാർ ഏജൻസി നടത്തിയ പഠനത്തിൽ ഉരുത്തിരിഞ്ഞു വന്നത് ഇതിനൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതുണ്ട്. ഇൻഡിക്കേറ്ററുകളുടെ ശരിയായ ഉപയോഗവും ഒരു പ്രധാന ഘടകമാണു

IPDE പറ്റി അറിഞ്ഞിരിക്കാം

ഡ്രൈവിംഗിലെ ഒരു പ്രധാനപ്പെട്ട തത്വമാണു IPDE (IDENTIFICATION-PREDICT-DECIDE-EXECUTE) ഡ്രൈവ് ചെയ്യുമ്പോഴെല്ലാം ഉപയോഗിക്കാൻ പറ്റിയ ഒന്നാണിത്.

IDENTIFICATION (തിരിചറിയൽ)

ഈ തത്വമനുസരിച്ചുള്ള ആദ്യ പടി ആണിത് ഡ്രൈവ് ചെയ്യുന്നതോടൊപ്പം കണ്ണു കൊണ്ടു കാണുന്ന കാഴ്ചകൾ തിരിച്ചറിയപ്പെടുക എന്നതും പ്രധാനമാണു. കാൽനടയാത്രക്കാർ, മറ്റു വാഹനങ്ങൾ എന്നിവയ്ക്കുമേൽ എപ്പോഴും ഒരു കണ്ണുവേണം എന്നുതന്നെയാണു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത.് ഡ്രൈവ് ചെയ്യുമ്പോൾ ‘കണ്ണുവേണം ഇരുപുറമെപ്പോഴും കണ്ണുവേണം മുകളിലും താഴെയും ‘എന്ന കവിവചനം ഫലത്തിൽ വരുത്തിയാൽ നന്ന്

PREDICTION (മുൻ കൂട്ടി കാണുക)

ഡ്രൈവ് ചെയ്യുമ്പോൾ കാണുന്ന വസ്തുക്കൾ അടുത്തതായി എന്ത് ചെയ്യുന്നു എന്നു മുൻ കൂട്ടി അറിയാൻ പറ്റണം ഉദാഹരണമായി ഒരു കാൽനടയാത്രക്കാരൻ റോഡ് മുറിച്ച് കടക്കുവാനായി വണ്ടിക്ക് കുറുകേ വന്നേക്കുമോ എന്നും മറ്റും അയാളുടെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കണം. മുന്നിലിരിക്കുന്ന വണ്ടി ബ്രേക്ക് ചെയ്യുമോ എന്നു ബ്രേക്ക് ലൈറ്റ് നോക്കി മനസ്സിലാക്കുന്നതും ഇതിൽ പെടും.

DECIDE (തീരുമാനിക്കുക)

ഇതിലെ അടുത്ത പടിയാണിത്. അയാളുടെ/ആ വസ്തുവിന്റെ അടുത്ത പ്രവർത്തിക്ക് അനുസ്രുതമായി എന്ത് ചെയ്യണമെന്നു തീരുമാനിക്കലാണു അടുത്ത പടി. വേഗം കുറക്കണോ അതോ കൂട്ടണോ എന്നു തീരുമാനിക്കാം ഈ തത്വമനുസരിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണിത്.

EXECUTE (ഫലത്തിൽ വരുത്തുക)

ഏറ്റവും പ്രധാനമായ ഒന്നാണു ഈ കർത്തവ്യം ഇതുവരെയുള്ള കാര്യങ്ങൾക്കെല്ലാം നമ്മുടെ ചിന്തകൾക്കും തലച്ചോറിനുമായിരുന്നു ജോലിയെങ്കിൽ ഇനി നമ്മുടെ ശരീരവും ഈ തത്വം പ്രാവർത്തികമാക്കാൻ നമ്മോടൊപ്പം ചേരുന്നു. നമ്മൾ ചിന്തിച്ചുറപ്പിച്ച തീരുമാനം ഫലത്തിൽ വരുത്തുക എന്നതാണു അടുത്തപടി. ഇതൊക്കെയും ക്ഷണനേരത്തിനുള്ളിലാണു ഒരു ഡ്രൈവർ നടപ്പക്കേണ്ടത് അതിവിദഗ്ദമായി ഈ തത്വങ്ങൾ നടപ്പാക്കുന്ന ഒരുവനാണു ഒരു മികച്ച ഡ്രൈവർ.

ലോകത്തിന്റെ ഏതുഭാഗത്തും ഒരു നല്ല ഡ്രൈവിംഗ് സംസ്കാരം ഒരു രാജ്യത്തിന്റെ തന്നെ പുരോഗതിയെയും അവിടുത്തെ മനുഷ്യരുടെ സംസ്കാരത്തെയുനാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഒരു നല്ല ഡ്രൈവിംഗ് ശൈലി സ്വായത്തമാക്കാനും അതുവഴി സഹയാത്രികരുടെ ആദരവ് പിടിച്ച് പറ്റാനും നമുക്ക് ശ്രമിക്കാം…

Latest posts

Categories